കർണാടകയിലെ ഉഡുപ്പിയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഹെബ്രി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വിക്രം ഗൗഡ. കർണാടകയിലെ ആന്റി നക്സൽ ഫോഴ്സ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ചിക്കമംഗളൂർ-ഹെബ്രി വനമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസും എഎൻഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതൽ ഏറ്റുമുട്ടൽ നടന്നിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.
2016 നവംബറിൽ കേരളത്തിലെ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ നിന്ന് വിക്രം ഗൗഡ രക്ഷപ്പെട്ടിരുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം കബനീദളം കമാൻഡർ ആയിരുന്നു. ആന്ധ്രപ്രദേശ്, കർണാടക സർക്കാരുകൾ വിക്രം ഗൗഡയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ചപ്പാരം കോളനിയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം വിക്രം ഗൗഡയുടെ സംഘം കർണാടക വനമേഖലയിലേക്ക് മാറിയിരുന്നു.
Story Highlights: Maoist leader Vikram Gowda killed in encounter with security forces in Udupi, Karnataka