പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പില് സര്വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള് കളം നിറഞ്ഞത്. കൊട്ടിക്കലാശത്തില് പാലക്കാടന് പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കാണാന് കഴിഞ്ഞത്.
ഇന്ന് പാലക്കാട് വിക്ടോറിയ കോളേജില് വെച്ച് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. രാവിലെ 11 മണി മുതല് നടപടികള് ആരംഭിക്കുകയും വൈകീട്ടോടെ പൂര്ത്തിയാക്കുകയും ചെയ്യും. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര് മുന്പും വോട്ടെണ്ണല് ദിനമായ നവംബര് 23നും ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര് ഉത്തരവിട്ടിട്ടുണ്ട്.
ബുധനാഴ്ച 1,94,706 വോട്ടര്മാരാണ് വിധിയെഴുതുന്നത്. ഇതില് 1,00,290 പേര് സ്ത്രീ വോട്ടര്മാരാണ്. 2306 പേര് 85 വയസ്സിനു മുകളില് പ്രായമുള്ളവരും 2445 പേര് 18-19 വയസ്സുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്സ്ജെന്ഡേഴ്സും ആണ്. 229 പ്രവാസി വോട്ടര്മാരും പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ഈ തെരഞ്ഞെടുപ്പില്, ഡോ. പി സരിന് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായതു മുതല് ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര് കോണ്ഗ്രസിലേക്ക് എത്തിയതു വരെയുള്ള സംഭവങ്ങള്ക്ക് പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പ് ചെയ്താണ് എല്.ഡി.എഫ് പ്രചാരണത്തിന് ചുക്കാന് പിടിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്ഗ്രസ് പ്രവേശം തെരഞ്ഞെടുപ്പില് ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തില് അഭിപ്രായപ്പെട്ടപ്പോള്, ഇതൊന്നും തെരഞ്ഞെടുപ്പില് പ്രതിഫലിക്കില്ലെന്നാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥി പി. സരിന്റെ നിലപാട്.
Story Highlights: Palakkad gears up for intense triangular contest in by-election with silent campaigning and final preparations