സൗദി അറേബ്യയിലെ റിയാദ് അൽ ഇസ്കാൻ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച വിധി അറിയാൻ ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ റഹീമിന്റെ കേസ് ഇന്ന് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
34 കോടി രൂപ ദിയ ധനം സ്വീകരിച്ച് കുടുംബം മാപ്പു നൽകിയതോടെയാണ് റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായത്. ഒക്ടോബർ 21ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബ്ളിക് പ്രോസിക്യൂഷൻ വാദങ്ങളും കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിർദേശിച്ചതിനെ തുടർന്നാണ് ഇന്ന് വാദം കേൾക്കാൻ സമയം അനുവദിച്ചത്.
ഹൗസ് ഡ്രൈവറായി സൗദിയിലെത്തി ഒരു മാസത്തിനകമാണ് അബ്ദുൽ റഹീം കൊലക്കേസിൽ പ്രതിയായി കസ്റ്റഡിയിലായത്. മരിച്ച ബാലനും റഹീമും തമ്മിൽ മുൻവൈരാഗ്യമില്ലായിരുന്നു. കയ്യബദ്ധത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. പബ്ളിക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ നൽകിയ ഹരജി. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അബ്ദുൾ റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. മോചനം വൈകുന്നതിൽ സങ്കടമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: Saudi court delays decision on Abdul Raheem’s release for two weeks, family awaits verdict after 18 years of imprisonment