കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഹരിയാന താരം അൻഷുൽ കാംബോജ് ചരിത്രനേട്ടം സ്വന്തമാക്കി. കേരളത്തിന്റെ 10 വിക്കറ്റുകളും വീഴ്ത്തിയാണ് ഈ ഫാസ്റ്റ് ബൗളർ ചരിത്രത്തിൽ ഇടംനേടിയത്. 39 വർഷത്തിനിടെ ആദ്യമായാണ് രഞ്ജി ട്രോഫിയിൽ ഒരു ഇന്നിംഗ്സിലെ പത്ത് വിക്കറ്റുകളും ഒരു ബൗളർ സ്വന്തമാക്കുന്നത്. പ്രേമസംഘു ചാറ്റർജി (1956-57), പ്രദീപ് സുന്ദറാമിൻ (1985-86) എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറാണ് അൻഷുൽ.
30.1 ഓവറിൽ 49 റൺസ് വഴങ്ങിയാണ് അൻഷുൽ 10 വിക്കറ്റുകളും വീഴ്ത്തിയത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകളും ആറ് റൺസ് കൂട്ടിചേർക്കുന്നതിനിടയിൽ അൻഷുൽ വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ കേരളം 291 റൺസാണ് നേടിയത്.
കേരളത്തിനെതിരായ രഞ്ജി മത്സരം 23 കാരനായ അൻഷുലിന്റെ 19-ാം മത്സരമായിരുന്നു. ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള അൻഷുൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. കേരളത്തിനുവേണ്ടി അക്ഷയ് ചന്ദ്രൻ (59), രോഹൻ കുന്നുമ്മൽ (55), സച്ചിൻ ബേബി (52), മുഹമ്മദ് അസറുദ്ദീൻ (53) എന്നിവർ അർധ സെഞ്ചറി നേടി. 107 പന്തുകളിൽ നിന്ന് 42 റൺസ് നേടിയ ഷോൺ റോജറാണ് ഒടുവിൽ പുറത്തായത്.
ALSO READ; ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ
Story Highlights: Haryana bowler Anshul Kamboj takes all 10 wickets against Kerala in Ranji Trophy cricket match