ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കുമെന്ന് റിപ്പോർട്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ടെത്തി ഡോ. പി സരിന് വേണ്ടി പ്രചാരണം നടത്തുമെന്നും അറിയുന്നു. ജയരാജന്റെ ആത്മകഥയിൽ ഡോ. പി സരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
വിവാദമായതോടെ പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിപ്പറഞ്ഞെങ്കിലും, സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ഇ.പി. ജയരാജന്റെ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തള്ളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതും പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നു. മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും ബോണ്ട് വിവാദത്തിലെ തീർപ്പും അംഗീകരിക്കാൻ ഇ.പി. കൂട്ടാക്കാത്തത് സമ്മേളനകാലത്ത് സംഘടനാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഈ ആത്മകഥ സാധാരണ നിലയിൽ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ചരിത്രമായി കൂടി മാറേണ്ടതായിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ഈ പുസ്തകം പാർട്ടിയെ പലവിധത്തിൽ വെട്ടിലാക്കുന്നതായി. കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ തന്നെയാണ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പാണ്.
Story Highlights: CPIM may seek explanation from EP Jayarajan over autobiography controversy