യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്കായി മെറ്റ കമ്പനി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീസിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഡ് ഫ്രീ സബ്സ്ക്രിപ്ഷൻ വേർഷനുകളുടെ ഫീസിൽ നാല്പത് ശതമാനം കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്. മേഖലയിലെ നിയന്ത്രണ ആവശ്യങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023 ഒക്ടോബറിലാണ് മെറ്റ യൂറോപ്യൻ യൂണിയനിൽ പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ചത്. ടെക് കമ്പനികളുടെ മത്സര വിരുദ്ധ സമ്പ്രദായങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണത്തിന്റെ ഭാഗമായിരുന്നു ഇത്. യൂറോപ്യൻ യൂണിയന്റെ ഡാറ്റ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് പ്രാദേശിക റെഗുലേറ്റർമാർ കമ്പനിക്ക് 400 മില്യൺ ഡോളറിലധികം പിഴ ചുമത്തിയതിന് പിന്നാലെയാണ് സബ്സ്ക്രിപ്ഷൻ സേവനം പ്രാബല്യത്തിൽ വന്നത്.
ഫീസ് വെട്ടിക്കുറച്ചതോടെ യൂറോപ്യൻ യൂണിയനിൽ പ്രതിമാസ സബ്സ്ക്രിപ്ഷൻ സേവനത്തിന്റെ വില ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് 9.99 യൂറോയിൽ നിന്ന് 5.99 യൂറോയായും ഐഒഎസ് ഉപയോക്താക്കൾക്ക് 12.99 യൂറോയിൽ നിന്ന് 7.99 യൂറോയായും കുറയുമെന്ന് മെറ്റ അറിയിച്ചു. പരിമിതമായ ഒരു സെറ്റ് ഉപയോക്തൃ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ കാണിക്കാൻ സമ്മതിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും സൗജന്യ പ്രവേശനം നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Meta reduces Facebook and Instagram subscription fees by 40% for EU users to comply with regulations