എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യയ്ക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിലാണ് കണ്ണപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ പ്രതിയുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല.
മുഖ്യധാര മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ വാർത്തകൾ കെട്ടിച്ചമച്ചുവെന്നാണ് പി പി ദിവ്യയുടെ ആരോപണം. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടായെന്നും ദിവ്യ ആരോപിക്കുന്നു. താൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പി പി ദിവ്യ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി കണ്ണൂർ വിജിലൻസ് സി ഐ ബിനു മോഹൻ രംഗത്തുവന്നു. പന്നികളോട് ഗുസ്തി കൂടരുതെന്ന് പണ്ടേ പഠിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ സഹായിക്കാൻ ശ്രമിച്ചുവെന്ന് ബിനു മോഹനെതിരെ ആരോപണം ഉയർന്നിരുന്നു. വിജിലൻസ് ടി വി പ്രശാന്തന്റെ മൊഴിയെടുത്തുവെന്ന കഥ ബിനു മോഹൻ ഉൾപ്പടെ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. ന്യൂ മാഹി സ്റ്റേഷനിലേക്കാണ് ബിനു മോഹനെ സ്ഥലം മാറ്റിയത്.
Story Highlights: Police file case against PP Divya for spreading fake news in ADM Naveen Babu suicide case