കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടും; ജാഗ്രതാ നിർദേശം

Anjana

Kuruva theft gang Alappuzha

കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് സംഘത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കോമളപുരം സ്പിന്നിങ്ങ്മില്ലിന് സമീപത്തുള്ള രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. കഴിഞ്ഞ ഒക്ടോബർ 30ന് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നാട്ടുകാർ രാത്രി പട്രോളിങ് നടത്തി ജാഗരൂകരായെങ്കിലും, പുതിയ സംഭവങ്ങൾ കുറുവാ സംഘം ആലപ്പുഴയിൽ തന്നെ തമ്പടിച്ചിട്ടുള്ളതായി സൂചിപ്പിക്കുന്നു.

മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്. പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സംഘാംഗങ്ങൾ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും. മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം അർധനഗ്ന ശരീരത്തിൽ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും. പിടിക്കപ്പെടാനിടയായാൽ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വീട്ടുകാരെ പുറത്തിറക്കാൻ ശ്രമിക്കും. ആറു മാസം വരെ വീടുകൾ നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. സംഭവത്തിൻ്റെ ഭാഗമായി മണ്ണഞ്ചേരിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കുകയും ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Story Highlights: Kuruva theft gang from Tamil Nadu confirmed to have returned to Alappuzha district, Kerala, with attempted thefts reported in Mannancherry.

Leave a Comment