കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ഇളക്കിമറിച്ച പ്രചാരണനാളുകൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മൂന്നിടങ്ങളിൽ മാത്രമുള്ള ഉപതിരഞ്ഞെടുപ്പാണെങ്കിലും, രാഷ്ട്രീയകേരളത്തിന്റെ ചായ്വ് എങ്ങോട്ടെന്ന വിലയിരുത്തലുകൾക്ക് ഫലം ഇടയാക്കും. മറ്റന്നാൾ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലെത്തും. യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാടും, കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കരയും ആണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
ചേലക്കരയിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് യുഡിഎഫും വിജയിക്കാൻ സാധിക്കുമെന്ന് എൻഡിഎയും പറയുന്നു. എന്നാൽ മണ്ഡലം കൈവിട്ടുപോകില്ലെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39,400 വോട്ടിനായിരുന്നു കെ രാധാകൃഷ്ണന്റെ ജയം. 9 പഞ്ചായത്തുകളിലും ഭൂരിപക്ഷം എൽഡിഎഫിനായിരുന്നു. 1996-ന് ശേഷം മണ്ഡലത്തിൽ എൽഡിഎഫ് തോൽവി അറിഞ്ഞിട്ടില്ല. 2,02,283 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
വയനാടിനെ ശ്രദ്ധേയമാക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയതിനെക്കാൾ ഭൂരിപക്ഷം വേണമെന്ന വാശിയിലാണ് യുഡിഎഫ്. രാഹുൽ ഗാന്ധി ആനി രാജയെ തോൽപ്പിച്ചത് 3,64,422 വോട്ടിനായിരുന്നു. 59.7 ശതമാനം വോട്ടും രാഹുൽ നേടി. ഇത്തവണ സത്യൻ മൊകേരിയിലൂടെ മികച്ച പ്രകടനമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. നവ്യ ഹരിദാസിലൂടെ വോട്ട് വിഹിതം കൂട്ടാമെന്ന് എൻഡിഎയും പ്രതീക്ഷിക്കുന്നു. 14,62,423 വോട്ടർമാരാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്.
Story Highlights: Kerala by-elections in Wayanad and Chelakkara constituencies draw attention with high-stakes campaigns