വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ കിറ്റ് വിതരണം നിര്‍ത്തിവെച്ചു; കളക്ടറുടെ നിര്‍ദേശം

Anjana

Wayanad landslide relief kit distribution

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. കിറ്റിലെ വസ്തുക്കളുടെ പഴക്കവും ഗുണനിലവാരവും സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. കിറ്റില്‍ പുഴുവരിച്ച അരി വിതരണം ചെയ്തതായി ട്വന്റിഫോര്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു.

സ്റ്റോക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിശദമായി പരിശോധിക്കാനും കളക്ടര്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പ് നല്‍കിയ വസ്തുക്കളും പഴകിയതാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഗുണമേന്മ ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താവൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

Story Highlights: Wayanad Collector orders halt to kit distribution for landslide victims due to quality concerns

Leave a Comment