കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കയ്യാളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. വയനാട്ടിലെ ഭക്ഷ്യ വിതരണവും പാലക്കാട്ടെ ട്രോളി ബാഗിലെ കള്ളപ്പണവും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തും ന്യൂനപക്ഷങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് തന്ത്രങ്ങൾ മെനയുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബിജെപിയെ ഭയന്ന് ലീഗിനെ കൊടി പിടിക്കാൻ അനുവദിക്കാതിരുന്ന കോൺഗ്രസ് ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്ന പാർട്ടിയാണെന്ന കാര്യം മുസ്ലിം സമൂഹം മറന്നിട്ടില്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇന്ത്യയിലാകമാനം ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് സമരം ചെയ്യുന്ന ഇടതുപക്ഷം കോൺഗ്രസിന്റെയും ബിജെപിയുടെയും വഞ്ചനകൾ തുറന്നുകാട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ രക്ഷകരെ തേടുന്ന ന്യൂനപക്ഷ അധ്യക്ഷൻമാർ ആർഎസ്എസിന്റെ സൈദ്ധാന്തികനായ ഗോൾവാൾക്കറുടെ ‘വിചാരധാര’ വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ ഒന്നാമത്തെ ആഭ്യന്തര ശത്രുക്കൾ മുസ്ലിംകളും രണ്ടാമത് ക്രിസ്ത്യാനികളും മൂന്നാമത് കമ്മ്യൂണിസ്റ്റുകാരുമാണെന്നാണ് അതിൽ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ബിജെപിയുമായി ചങ്ങാത്തം കൂടുന്ന കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Story Highlights: CPI State Secretary Binoy Viswam accuses Congress of aligning with BJP’s divisive politics in Kerala