മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറിയതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോറൻസിക് പരിശോധനയിലും ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയാണെന്ന് മെറ്റയുടെ മറുപടിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. ഹിന്ദു ഗ്രൂപ്പിന്റെയും മുസ്ലിം ഗ്രൂപ്പിന്റെയും അഡ്മിൻ കെ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു. എന്നാൽ ഗ്രൂപ്പുകൾ മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.
Story Highlights: Forensic report finds no evidence of hacking in controversial IAS officers’ WhatsApp groups based on religion