സംസ്ഥാന സ്കൂൾ കായിക മേളയിലെ രണ്ടാം ദിനത്തിൽ അത്ലറ്റിക്സിൽ മലപ്പുറം മുന്നിട്ടു നിൽക്കുകയാണ്. അഞ്ച് സ്വർണം ഉൾപ്പെടെ 43 പോയിന്റുമായാണ് മലപ്പുറം ഒന്നാം സ്ഥാനത്ത്. 30 പോയിന്റുമായി പാലക്കാട് രണ്ടാമതും, 19 പോയിന്റുമായി കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് മൂന്നാമതുമാണ്. എറണാകുളം നാലാമതും തിരുവനന്തപുരം അഞ്ചാമതുമാണ് നിൽക്കുന്നത്.
ആദ്യദിനത്തിൽ മൂന്ന് മീറ്റ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ് അഷ്ഫാഖ് (47.65 സെക്കൻഡ്), പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂളിലെ ശിവദേവ് രാജീവ് (4.80 മീറ്റർ), 3000 മീറ്ററിൽ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ എം പി മുഹമ്മദ് അമീൻ (8 മിനിറ്റ് 37.69 സെക്കൻഡ്) എന്നിവരാണ് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 100 മീറ്റർ ഫൈനൽ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് മൊത്തം 16 മത്സരങ്ങളുടെ ഫൈനലുകൾ നടക്കും. നീന്തലിൽ തിരുവനന്തപുരം കിരീടം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം ദിനത്തിലെ ആദ്യ സ്വർണം കോഴിക്കോടാണ് സ്വന്തമാക്കിയത്.
Story Highlights: State School Sports Meet sees Malappuram leading in athletics with 43 points, including 5 golds, on the second day.