തമിഴ്നാട് അണ്ണാനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന വൻ തട്ടിപ്പ് സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിലായി. തിരുവാരൂർ സ്വദേശിയും 24 വയസ്സുകാരിയുമായ എം. സൌമ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് രോഗികൾക്ക് കാണിച്ചുകൊടുത്താണ് യുവതി തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുവതി 52 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതിരുന്നതും തട്ടിപ്പിന് സഹായകമായി. 2022 ഫെബ്രുവരി മുതൽ 2023 മെയ് വരെയാണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2021 നവംബറിലാണ് യുവതി ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്.
യുവതിയുടെ ചില പ്രവൃത്തികളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇൻ്റേണൽ ഓഡിറ്റ് നടത്തി. ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൃത്രിമം പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Highlights: Woman cashier arrested for embezzling Rs 52 lakh from hospital using fake QR code in Tamil Nadu