വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതര്ക്ക് വിതരണം ചെയ്ത ഭക്ഷ്യകിറ്റില് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്ന പരാതിയില് പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്എ രംഗത്തെത്തി. റവന്യൂ വകുപ്പ് നല്കിയ അരിയിലാണ് പുഴുവരിച്ചിരിക്കുന്നതെന്നും പഞ്ചായത്തിന് ഇക്കാര്യത്തില് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും, വിഷയത്തില് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേപ്പാടി ഗ്രാമപഞ്ചായത്തില് വിതരണം ചെയ്ത ഭക്ഷ്യകിറ്റില് പുഴുവരിച്ച അരിയും മൈദയും ഉള്പ്പെടെയുള്ള കേടായ ഭക്ഷ്യധാന്യങ്ങള് കണ്ടെത്തിയതായി ദുരന്തബാധിതര് ആരോപിച്ചു. മൃഗങ്ങള്ക്കുപോലും നല്കാന് കഴിയാത്ത ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളുമാണ് നല്കിയതെന്നും അവര് പറഞ്ഞു. എന്നാല് പുഴുവരിച്ച നിലയില് കാണപ്പെട്ടത് റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയോ സന്നദ്ധ സംഘടനകള് എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
സംഭവത്തില് പ്രതിഷേധിച്ച് ദുരന്തബാധിതര് ഭക്ഷ്യസാധനങ്ങളുമായി പഞ്ചായത്തിലെത്തി. ഡിവൈഎഫ്ഐ പ്രവര്ത്തകര് പഞ്ചായത്ത് ഉപരോധിക്കുകയും പുഴുവരിച്ച അരി ഉള്പ്പെടെ പഞ്ചായത്തിന് മുന്നിലിട്ട് പ്രതിഷേധിക്കുകയും ചെയ്തു. പഞ്ചായത്തിലേക്ക് തള്ളിക്കയറാന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകരെ പൊലീസ് തടഞ്ഞു. ഈ സമരം വിഷയം മറയ്ക്കാനുള്ള ശ്രമമാണെന്ന് ടി സിദ്ദിഖ് എംഎല്എ ആരോപിച്ചു.
Story Highlights: Wayanad disaster victims received rotten rice and unusable clothes, T Siddique MLA responds to complaint