ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്സ്ഡ് പരീക്ഷയുടെ മാനദണ്ഡങ്ങളില് സുപ്രധാന മാറ്റങ്ങള് വരുത്തിയിരിക്കുകയാണ്. 2025ലെ പരീക്ഷയ്ക്കുള്ള പുതിയ നിബന്ധനകള് പ്രസിദ്ധീകരിച്ചതില് ഏറ്റവും ശ്രദ്ധേയമായ മാറ്റം, പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണം രണ്ടില് നിന്ന് മൂന്നായി ഉയര്ത്തിയതാണ്. തുടര്ച്ചയായ മൂന്ന് വര്ഷങ്ങളില് പരമാവധി മൂന്ന് തവണ പരീക്ഷ എഴുതാമെന്നാണ് പുതുക്കിയ മാനദണ്ഡത്തില് പറയുന്നത്. കൂടുതല് വിവരങ്ങള്ക്ക് jeeadv.ac.in സന്ദര്ശിക്കാവുന്നതാണ്.
ജെഇഇ മെയിന് 2025ന്റെ BE/BTech പേപ്പറില് (പേപ്പര് 1) വിജയിച്ച മികച്ച 2,50,000 വിദ്യാര്ഥികള്ക്കാണ് (എല്ലാ വിഭാഗങ്ങളും ഉള്പ്പെടെ) ജെഇഇ അഡ്വാന്സ്ഡ് എഴുതാന് അവസരം. ഇതില് 10 ശതമാനം ജനറല്-സാമ്പത്തിക പിന്നാക്കം, 27 ശതമാനം ഒബിസി- നോണ് ക്രീമിലെയര്, 15 ശതമാനം എസ് സി, 7.5 ശതമാനം എസ്ടി, 40.5 ശതമാനം ഓപ്പണ് എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലും ഭിന്നശേഷിക്കാര്ക്കും മുന്ഗണന ലഭിക്കും. സീറ്റ് വിഭജനത്തില് ഓപ്പണ് വിഭാഗത്തിന് 1,01,250 സീറ്റുകളും, ജനറല്-സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 25,000 സീറ്റുകളും, ഒബിസി-നോണ് ക്രീമിലെയര് വിഭാഗത്തിന് 67,500 സീറ്റുകളും, എസ്സി വിഭാഗത്തിന് 37,500 സീറ്റുകളും, എസ്ടി വിഭാഗത്തിന് 18,750 സീറ്റുകളും നീക്കിവച്ചിട്ടുണ്ട്.
പ്രായപരിധിയില് മാറ്റമില്ല. വിദ്യാര്ഥികള് 2000 ഒക്ടോബര് ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്ക്ക് പ്രായപരിധിയില് അഞ്ച് വര്ഷത്തെ ഇളവ് നല്കും. യോഗ്യതയുടെ കാര്യത്തില്, 2023, 24 വര്ഷങ്ങളില് 12-ാം ക്ലാസ് പരീക്ഷയെഴുതിയവര്ക്കും 2025ല് പരീക്ഷയെഴുതുന്നവര്ക്കും അപേക്ഷിക്കാം. 2022ലെ 12-ാം ക്ലാസ് ഫലം 2022 സെപ്റ്റംബര് 21നോ അതിന് ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കില് ആ വിദ്യാര്ഥികളെയും പരിഗണിക്കും. എന്നാല് അപേക്ഷകര് മുന്പ് ഐഐടി പ്രവേശനം ലഭിച്ചവരാകരുത്. കൗണ്സലിങ് വേളയില് സീറ്റ് സ്വീകരിച്ചവരെയും പരിഗണിക്കില്ല.
Story Highlights: JEE Advanced exam for IIT admission can now be taken three times, up from two, with new guidelines for 2025 exam released.