ശോഭാ സുരേന്ദ്രനെതിരെ നൽകിയ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ ഇ.പി. ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാർ എന്നയാളുമായി ശോഭാ സുരേന്ദ്രനെ ഡൽഹിയിൽ ലളിത് ഹോട്ടലിൽ വച്ച് കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിൻമാറിയെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രസ്താവന.
ഇപി. ജയരാജൻ ജൂൺ 15ന് നൽകിയ ഹർജിയിൽ, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഡിസംബർ മാസത്തിലേക്ക് കേസ് ദീർഘമായി നീട്ടി അവധിക്ക് വച്ച മജിസ്ട്രേട്ട് കോടതിയുടെ നടപടി തന്റെ കേസിന്റെ നടത്തിപ്പിന് കാലതാമസവും അതുമൂലം തനിക്ക് അപരിഹാര്യമായ കഷ്ട നഷ്ടങ്ങളും ഉണ്ടാകുന്നുവെന്നും കാണിച്ചാണ് ഇപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് അടുത്ത ഒരു ദിവസത്തേയ്ക്ക് വച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഈ നടപടി കേസിന്റെ വേഗത്തിലുള്ള പുരോഗതിക്ക് സഹായകമാകുമെന്ന് ഇ.പി. ജയരാജൻ പ്രതീക്ഷിക്കുന്നു.
Story Highlights: E P Jayarajan moves High Court over delay in defamation case against Shobha Surendran