ചെന്നൈ: തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നടി കസ്തൂരി നിഷേധിച്ചു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താനൊരു ബ്രാഹ്മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്ന് അവർ പറഞ്ഞു. ബി.ജെ.പി. അനുഭാവിയായ കസ്തൂരിക്കെതിരേ തമിഴ്നാട്ടിലെ ചില ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസം ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിവന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിന്റെപേരിൽ കസ്തൂരിക്കുനേരേ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നു.
താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് കസ്തൂരി വിശദീകരിച്ചു. തെലുങ്കരെ അവഹേളിക്കുന്നരീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും തമിഴിനെയും തെലുങ്കിനെയും ഒരേപോലെ ബഹുമാനിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു. തമിഴ്നാട്ടിൽ ബ്രാഹ്മണർക്കെതിരേ ആസൂത്രിതനീക്കങ്ങൾ നടക്കുന്നതായി ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തിൽ അവർ പറഞ്ഞിരുന്നു.
Story Highlights: Actress Kasthuri denies allegations of insulting Telugus, claims she’s being targeted for being a Brahmin woman