കേരള പൊലീസ് ജനങ്ങൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ ഫോണിൽ കണ്ടാൽ അതിൽ വീണുപോകരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണ് പൊലീസ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ വഴി തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത് എങ്ങനെയാണെന്ന് പൊലീസ് വിശദീകരിക്കുന്നു. മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് പൈസ സമ്പാദിക്കാം എന്ന പരസ്യത്തോടുകൂടിയുള്ള ലിങ്കുകൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങളാണ് അവർ അയക്കുന്നത്. ഈ ആപ്പുകൾ തുറന്ന് അക്കൗണ്ട് തുടങ്ങാൻ അവർ ആവശ്യപ്പെടും. തുടർന്ന് വരുമാനം നേടുന്നതിനായി പല ഘട്ടങ്ങളിലായി തുകകൾ നിക്ഷേപിക്കാൻ നിർദ്ദേശിക്കും. കൂടുതൽ വരുമാനം നേടുന്നതിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലിങ്ക് അയയ്ക്കാനും ആവശ്യപ്പെടും.
അവസാനം, കൊടുത്ത പണവും നേടിയ പണവും പിൻവലിക്കാൻ കഴിയാതെ വരുമ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കുക. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളിലൂടെയുള്ള ഓൺലൈൻ ജോലികൾക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.
Story Highlights: Kerala Police warns against online work-from-home scams, urges caution with social media job offers