പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നിർണയത്തെ ചൊല്ലി വിവാദം സൃഷ്ടിച്ച സന്ദീപ് വാര്യരുടെ തുടർനീക്കങ്ങൾ ഇന്ന് വ്യക്തമാകും. നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതിൽ എന്തു നഷ്ടം വന്നാലും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. എന്നാൽ പാർട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
ആർഎസ്എസ് നേതാവ് ജയകുമാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സന്ദീപ് വാര്യർ പറഞ്ഞത്, അദ്ദേഹം വ്യക്തിപരമായി അടുപ്പമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ മുൻപിൽ വാതിൽ കൊട്ടിയടക്കാൻ കഴിയില്ലെന്നുമാണ്. എന്നാൽ എന്ത് ചർച്ച ചെയ്തു എന്ന് വെളിപ്പെടുത്തിയില്ല. കെ സുരേന്ദ്രനോ, ശോഭാസുരേന്ദ്രനോ പാലക്കാട് സ്ഥാനാർത്ഥിയാകണമെന്നാണ് താൻ നേതാക്കളോട് പറഞ്ഞതെന്നും സന്ദീപ് വ്യക്തമാക്കി.
സി കൃഷ്ണകുമാർ കൂടി അറിഞ്ഞാണ് തന്നെ അപമാനിച്ചതെന്ന് കരുതുന്നുവെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. താൻ ഈ ഉപതിരഞ്ഞെടുപ്പിൽ എവിടെയും പ്രചാരണത്തിന് പോകില്ലെന്നും അടിക്കടി വാക്കു മാറ്റിപ്പറയുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സന്ദീപ് വാര്യർ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സ്വയം പോയില്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം നടപടിയെടുക്കുമെന്നും സൂചനയുണ്ട്.
Story Highlights: Sandeep Varier’s open criticism of BJP leadership was a deliberate decision, party hopes he won’t leave