ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, ആശയം മാറ്റി പുതിയ ചിന്തയുമായി വരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് സത്യവും ധർമവും ഇല്ലെന്നും എല്ലാ ചീത്തപ്പണത്തിന്റെയും ആൾക്കാരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള് സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായും ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ, ഇത് ഏതോ പാർട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേൾക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്ത് വർഗീയ സംഘർഷത്തിനാണ് ചിലര് ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അവിടെ നിന്ന് ആരെയും കുടിയിറക്കാൻ പാടില്ലെന്നും വഖഫ് ആയാലും ദേവസ്വം ബോർഡായാലും സർക്കാരിന് ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മുസ്ലിം-ക്രിസ്ത്യൻ തർക്കമാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുളം കലക്കൽ ടീംസ് തമ്മിലടിപ്പിച്ചാൽ അതിന്റെ ഗുണം ബിജെപിക്കാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Story Highlights: CPI welcomes BJP leader Sandeep Warrier if he changes his ideology