കേരളത്തിലെ അടൂരിൽ കരസേനയുടെ അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 06 മുതൽ 13 വരെ നടക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ കീഴിലുള്ള തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസാണ് ഈ റാലി സംഘടിപ്പിക്കുന്നത്. പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് റാലി നടക്കുക. നവംബർ 06-ന് രാവിലെ 6 മണിക്ക് റാലി ആരംഭിക്കും.
2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) യോഗ്യത നേടിയ ഉദ്യോഗാർത്ഥികളാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്. കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട പുരുഷ അപേക്ഷകരും ഇതിൽ ഉൾപ്പെടുന്നു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്.
തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ള ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളും, കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ സോൾജിയർ നഴ്സിംഗ് അസിസ്റ്റൻ്റ്, നേഴ്സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി ജെ.സി.ഒ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളും റാലിയിൽ പങ്കെടുക്കും. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Story Highlights: Army to conduct Agniveer Recruitment Rally in Adoor, Kerala from November 6 to 13