കേരള വാട്ടർ മെട്രോ അതോറിറ്റി ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണം നൽകി. റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നുവെന്നും യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചതും എമർജൻസി എക്സിറ്റ് തനിയെ തുറന്നതും.
ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബർമാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് അതോറിറ്റി വെളിപ്പെടുത്തി. യൂട്യൂബർമാർ അതിക്രമിച്ച് ബോട്ടിന്റെ ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും അതേതുടർന്ന് സംഘർഷം ഉണ്ടാവുകയും ആയിരുന്നു. ഹൈക്കോർട്ട് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്. തുടർന്ന് വാട്ടർ മെട്രോയിൽ നിന്ന് അലാറം മുഴങ്ങുകയും വാതിൽ തനിയെ തുറന്നു പോയതും യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Kerala Water Metro Authority explains collision between water metro boats in Fort Kochi, citing no safety lapses