തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴിയിൽ വ്യക്തമാക്കുന്നു. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് ഒന്നര കോടി രൂപയും കൈമാറിയതായും ധർമ്മരാജൻ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്കും പണം എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിച്ച സമയത്ത് പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തതായും ധർമ്മരാജൻ വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നുതവണ കോന്നിയിൽ എത്തിയതായും, അവിടെ എത്തുന്ന ധർമ്മരാജന് യാത്ര ചെയ്യാൻ വാഹനവും ഡ്രൈവറെയും ഏർപ്പാടാക്കി നൽകിയതായും അദ്ദേഹം പറഞ്ഞു. പണം കൈമാറ്റം ചെയ്യാൻ അടയാളമായി ഉപയോഗിച്ചത് ടോക്കൺ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ബംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചതെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. പത്തു രൂപയുടെ നോട്ടിൻ്റെ ഫോട്ടോയെടുത്ത് ബംഗളൂരുവിലേക്ക് അയച്ചു നൽകുമെന്നും, പണം ശേഖരിക്കേണ്ട സ്ഥലത്തെത്തി ചിത്രത്തിലെ നോട്ട് നൽകിയശേഷം കുഴൽപ്പണം സ്വന്തമാക്കുന്നതായിരുന്നു രീതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
Story Highlights: Dharmarajan reveals Hawala money delivered to multiple BJP offices, including Kozhikode and state committee office