കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ തിരൂർ സതീശന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചു. ഈ പരാതിയെ തുടർന്ന് കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രന് താക്കീത് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും, ഇത് പാർട്ടിയെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണെന്നും, ഉപതെരഞ്ഞെടുപ്പിൽ വരെ പ്രശ്നമുണ്ടാക്കാമെന്നും നേതൃത്വം ശോഭയെ ഓർമിപ്പിച്ചതായി വിവരം.
ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടത്. വാർത്താസമ്മേളനത്തിൽ തിരൂർ സതീശനെ ശോഭ തള്ളിപ്പറഞ്ഞു. താനാണ് തിരൂർ സതീശന്റെ പിന്നിലെന്ന് വരുത്തിത്തീർക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന് ശോഭ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെ അവർ പൂർണമായി തള്ളുകയും ചെയ്തു.
ബിജെപി സംസ്ഥാന നേതൃത്വത്തിന് ശോഭാ സുരേന്ദ്രനും വി.ഡി സതീശനും തൃശൂരിൽ കൂടിക്കാഴ്ച നടത്തിയെന്ന രഹസ്യ വിവരം ലഭിച്ചതായും സൂചനയുണ്ട്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ സംശയം ദൂരീകരിക്കണമെന്ന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ശോഭ വാർത്താസമ്മേളനം നടത്തിയതെന്നാണ് വിവരം. എന്നാൽ കൊടകര വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നില്ലെന്നും, ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തകരെ കൂടുതൽ ഊർജസ്വലരാക്കാൻ വിവാദം ഗുണം ചെയ്തുവെന്നുമാണ് ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്.
Story Highlights: BJP central leadership warns Shobha Surendran over alleged involvement in Kodakara money laundering case revelations