കൊടകര കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഇ.ഡിക്ക് നൽകിയ കത്ത് പുറത്തുവന്നു. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വി കെ രാജു ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ മൂന്ന് വർഷമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണം നടത്തിയിട്ടില്ല.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്.
2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നതാണ് കേസിന്റെ പശ്ചാത്തലം. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ 23 പേരെ അറസ്റ്റ് ചെയ്തെങ്കിലും കവർന്നതിൽ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കേസിൽ കൃത്യമായ റിപ്പോർട്ട് പൊലീസ് നൽകിയിട്ടും ഇഡിയും ഐടിയും അന്വേഷിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
Story Highlights: Police letter to ED requesting investigation in Kodakara Hawala case surfaces