സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 59,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വീതം കുറഞ്ഞ് 7,385 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില റോക്കറ്റ് കുതിപ്പിലായിരുന്നു. ദീപാവലി ദിവസം സർവകാല റെക്കോർഡായ 59,640 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
വിലക്കയറ്റത്തിന്റെ ആനുകൂല്യം മുതലെടുത്ത് ആളുകൾ വൻ തോതിൽ സ്വർണം വിറ്റഴിച്ചതോടെയാണ് വില കുറയാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 2,800 ഡോളർ വരെ എത്തുമെന്ന പ്രതീക്ഷയ്ക്ക് ശേഷം 2,744 ഡോളറിലേക്ക് താഴ്ന്നു. ഇതിനെ തുടർന്നാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറയാനിടയായത്.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും കാരണം വില വീണ്ടും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഒരു പവന്റെ വില 60,000 രൂപയ്ക്ക് അടുത്തേക്ക് ശരവേഗത്തിൽ കുതിക്കുന്നതിനിടെയാണ് മാസത്തുടക്കത്തിൽ വിലയിൽ ഈ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്.
Story Highlights: Gold price in Kerala falls on November 1, providing slight relief as it nears 60,000 rupees per sovereign.