മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35 വയസ്സുകാരനാണ് വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് നാഗ്പൂർ പൊലീസ് കണ്ടെത്തി. ജഗദീഷ് ഉയ്ക്കെ എന്നയാളാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയ ഈ സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. ഭീകരവാദത്തെ കുറിച്ച് ലേഖനങ്ങൾ എഴുതാറുള്ള ഇയാൾ 2021-ൽ സമാനമായ കേസിൽ അറസ്റ്റിലായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ശ്വേത ഖേദ്ക്കറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഭീഷണി ഇമെയിലുകൾ അയച്ചത് ഇയാളാണെന്ന് വ്യക്തമായതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസുകൾ, പിഎംഒ, റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവർക്കും ഇയാൾ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇയാളുടെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ഒക്ടോബർ 13 മുതൽ 13 ദിവസമാണ് ഇയാളുടെ ഭീഷണി സന്ദേശം മൂലം മുന്നൂറോളം വിമാനങ്ങളുടെ യാത്രകൾ മുടങ്ങിയതും യാത്രക്കാരും എയർലൈൻസും അടക്കം ബുദ്ധിമുട്ട് അനുഭവിച്ചതും. ഒക്ടോബർ 22-ന് മാത്രം ഇൻഡിഗോ, എയർ ഇന്ത്യ എയർലൈൻസുകളുടെ 13 വീതം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്. സ്പെഷ്യൽ ടീമിനെ തന്നെ സജ്ജീകരിച്ചാണ് ഇയാൾക്കായുള്ള വല പൊലീസ് വിരിച്ചിരിക്കുന്നത്. ഉടൻ തന്നെ പ്രതി അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭീഷണിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടക്കം വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
Story Highlights: Police identify 35-year-old man from Maharashtra behind fake bomb threats to airlines