മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ ഹര്‍ജി കോടതി തള്ളി, നിഷ്പക്ഷ അന്വേഷണത്തിന് നിര്‍ദേശം

Anjana

mayor-KSRTC driver dispute

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ പുതിയ വഴിത്തിരിവ്. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. പ്രതികളായ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും അത് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണമെന്നും അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകര്‍ ഇക്കാര്യം അംഗീകരിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്ന് ഡ്രൈവര്‍ യദു പ്രതികരിച്ചു. മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാണെന്നും യദു പറഞ്ഞു. ബസിന്റെ വാതില്‍ തുറന്നു കൊടുത്തത് കണ്ടക്ടറാണെന്നും താന്‍ തുറന്നു കൊടുത്തിട്ടില്ല എന്നാണ് ഓര്‍മയെന്നും യദു വ്യക്തമാക്കി. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ടിന്മേലുള്ള വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. മേയറും എം.എല്‍.എയും അസഭ്യം പറഞ്ഞിട്ടില്ലെന്നും സച്ചിന്‍ ബസില്‍ അതിക്രമിച്ച് കയറിയെന്നതിന് സാക്ഷിമൊഴികളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Story Highlights: Court dismisses driver Yadu’s petition in mayor-KSRTC driver dispute case, orders unbiased investigation

Leave a Comment