നീലേശ്വരം വെടിക്കെട്ട് അപകടം: ഒളിവിൽ പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി തിരച്ചിൽ ഊർജിതം

Anjana

Nileshwaram firecracker accident

കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ ഒളിവില്‍പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കമ്മിറ്റി പ്രസിഡന്റ് ഭരതന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍, പടക്കങ്ങള്‍ പൊട്ടിച്ച രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപകടത്തില്‍ പരുക്കേറ്റവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് മുതല്‍ രേഖപ്പെടുത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും 13 ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 21 പേര്‍ ഐസിയുവിലും, എട്ട് പേര്‍ വെന്റിലേറ്ററിലുമാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില ഗുരുതരമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിനാലാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്. അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും വെടിക്കെട്ട് നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പടക്കപുരയും കാണികളും തമ്മില്‍ ആവശ്യമായ അകലം പാലിച്ചിരുന്നില്ല എന്നതും അപകടത്തിന് കാരണമായി.

Story Highlights: Police intensify search for temple committee officials after firecracker accident in Kasaragod’s Nileshwaram

Leave a Comment