കേരളത്തിന് 12 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി; വിദഗ്ധ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ നടപടി

Anjana

Kerala medical PG seats

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി രണ്ട് സീറ്റ്, ഡിഎം പൾമണറി മെഡിസിൻ രണ്ടു സീറ്റ്, എംഡി അനസ്തേഷ്യ ആറ് സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി രണ്ട് സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആകെ 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി എന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സായ ഡിഎം പൾമണറി മെഡിസിനിലും അനുമതി ലഭിച്ചിട്ടുണ്ട്. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. അനസ്തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റുകൾ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുന്നു. എത്രയും വേഗം ഈ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala receives approval for 12 new medical PG seats in speciality and super speciality courses from National Medical Commission

Leave a Comment