കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യ കേസില് പ്രതിയായ കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില് കോണ്ഗ്രസ് കൊടികളേന്തിയെത്തിയ പ്രവര്ത്തകര് വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയും ചെയ്തു. ദിവ്യയുടെ അറസ്റ്റ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.
കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലായത്. ദിവ്യ ആസൂത്രിതമായി കണ്ണപുരത്തേക്ക് എത്തിയെന്നും ഡ്രൈവറുമൊത്താണ് എത്തിയതെന്നും വിവരമുണ്ട്. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ദിവ്യ മുന്പ് തന്നെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മിഷണര് വ്യക്തമാക്കി.
ദിവ്യയെ പ്രാഥമിക ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കും. കോടതി ദിവ്യയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്നും എഡിഎമ്മിനെ അപമാനിക്കാനാണ് യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയതെന്നും കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്കിയാല് തെറ്റായ സന്ദേശമാകുമെന്നും കോടതി വ്യക്തമാക്കി.
Story Highlights: Former district panchayat president P P Divya taken into police custody in connection with ADM Naveen Babu’s suicide case