കണ്ണൂർ ജില്ലയിലെ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരിക്കുകയാണ്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം. കളക്ടർ ക്ഷണിച്ചതിനാലാണ് താൻ എത്തിയതെന്ന് ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കി.
വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു. പി പി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. എന്നാൽ, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് മെനക്കെട്ടില്ല. ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തു.
Story Highlights: PP Divya’s anticipatory bail plea rejected in ADM Naveen Babu death case, court cites premeditated character assassination