അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുകയാണ്. രാമക്ഷേത്രം നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാണിത്. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കാനാണ് പദ്ധതി. ഇത്തവണ പരിസ്ഥിതി സൗഹൃദപരമായാണ് ആഘോഷങ്ങൾ നടക്കുക.
ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയ മെഴുകുവിളക്കുകളാണ് ഉപയോഗിക്കുന്നത്. രാമക്ഷേത്രം മുഴുവനും പൂക്കൾ കൊണ്ട് അലങ്കരിക്കും. ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രി വരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.
സരയൂ നദിയുടെ 55 കൽപ്പടവുകളിൽ 28 ലക്ഷം ദീപങ്ങൾ തെളിക്കാൻ 30,000 വോളന്റിയർമാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 80,000 ദീപങ്ങൾ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഒക്ടോബർ 30ന് ചോട്ടി ദീപാവലി ദിവസമാണ് ഈ വിളക്കുകൾ തെളിയിക്കുക. വോളന്റിയർമാർക്ക് പ്രത്യേക വസ്ത്രങ്ങളും ഐഡി കാർഡുകളും നൽകും. അവർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Story Highlights: Ayodhya Ram Temple to celebrate Diwali with 28 lakh eco-friendly lamps