കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ രണ്ട് പേർ കസ്റ്റഡിയിലായി. അഞ്ഞൂറ്റമ്പലം വീരർകാവിൽ നടന്ന കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. പടക്കശാലയ്ക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു. പടക്കപുരയും കാണികളും തമ്മിൽ ആവശ്യമായ അകലം പാലിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം കൂടി നിന്നവർക്കാണ് പരുക്കേറ്റത്.
Story Highlights: Firecracker accident in Kasaragod Nileshwaram leads to two arrests, multiple injuries