കോഴിക്കോട് എൻഐടിയിലെ ഗവേഷകനും മടവൂർ മുക്ക് സ്വദേശിയുമായ ഡോ. പി കെ മുഹമ്മദ് അദ്നാൻ ഒരു നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. ഭക്ഷണം കേടുവന്നോ അതോ മായം കലർന്നോയെന്ന കാര്യങ്ങൾ പാക്കിങ് കവർ കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഫിലിമാണ് അദ്നാൻ വികസിപ്പിച്ചത്. എൻഐടി കെമിസ്ട്രി വിഭാഗം അധ്യാപിക പ്രൊഫ. ലിസ ശ്രീജിത്തായിരുന്നു റിസർച്ച് ഗൈഡ്. ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
പ്രകൃതിജന്യ പോളിമർ ആയ ജലാറ്റിനും സിന്തറ്റിക് പോളിമർ ആയ പോളി വിൽ പയററോലിഡോണും ചേർത്താണ് ഫിലിം നിർമിക്കുന്നത്. ഇത്തരം കവറുകളിലേക്ക് മാറ്റിയ ഭക്ഷണം കേടുവന്നാൽ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും. പ്രോട്ടീൻ കൂടുതൽ അടങ്ങിയ നോൺ വെജ് ഇനങ്ങളിൽ ഇത് വളരെ പെട്ടെന്ന് പ്രകടമാകുകയും ചെയ്യും. കൂടാതെ, ഭക്ഷണത്തിലോ പച്ചക്കറികളിലോ മൽസ്യ മാംസാദികളിലോ മായം ചേർക്കാൻ ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളർ മാറ്റത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.
ഈ നൂതന ഫിലിം ഭക്ഷണത്തിന് ആന്റി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ഈർപ്പം ആഗിരണം ചെയ്യൽ, യുവി റേഡിയേഷൻ തടയൽ, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. പേറ്റന്റ് ലഭിച്ച ഈ പാക്കേജിങ് ഫിലിമിന്റെ വിവരങ്ങൾ ആഗസ്റ്റ് മാസത്തെ പാക്കേജിങ് ടെക്നോളജി ആൻഡ് റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. മുഹമ്മദ് അദ്നാൻ നിലവിൽ പേരാമ്പ്ര സി കെ ജി ഗവ. കോളജിലെ അസി. പ്രൊഫസറാണ്. അദ്ദേഹം മടവൂർ മുക്ക് പുള്ളക്കോട്ട് കണ്ടി പി കെ അബ്ദുൾ റഹ്മാൻ ഹാജിയുടേയും പരേതയായ സക്കീനയുടേയും മകനാണ്.
Story Highlights: Malayali researcher develops innovative packaging film that changes color to indicate food spoilage or adulteration