മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആരോപിച്ചു. സിപിഐഎം വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് സിപിഐഎമ്മാണെന്നും, ബിജെപിയുമായി പല ഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണെന്ന് ബഷീർ പറഞ്ഞു. എസ്ഡിപിഐയുമായി ഒരു സഖ്യവുമില്ലെന്നും, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒളിച്ചുവെയ്ക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംകൾ ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായി കാണുന്നില്ലെന്നും, ഇപ്പോൾ ഭീകരത കണ്ടെത്തിയത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന് താത്വികമായ അടിത്തറയില്ലെന്നും, അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയുടെ മേൽവിലാസം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്നും ബഷീർ അഭിപ്രായപ്പെട്ടു. ബിജെപിക്ക് സമാനമായ സമീപനമാണ് സിപിഎമ്മിന്റേതെന്നും, ഓരോ ഘട്ടത്തിലും സിപിഐഎം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയതാണെന്നും, സിപിഐഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ മുസ്ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
Story Highlights: ET Muhammad Basheer accuses Pinarayi Vijayan of pitting minorities against each other