സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,880 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് വർധിച്ചത്. ഇപ്പോൾ ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 7,360 രൂപ നൽകേണ്ടി വരും.
അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നുള്ള സൂചനകൾ പ്രകാരം സ്വർണവില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത മാസം പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി വൈകിയേക്കില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കും. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 2,725 ഡോളറിലാണ് സ്വർണം. ഈ വർഷം തന്നെ 3,000 ഡോളർ കടന്നേക്കുമെന്ന് പ്രവചിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ഇന്ത്യയിലെ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ വിലയിലും നേരിട്ട് പ്രതിഫലിക്കുന്നു.
Story Highlights: Gold price in Kerala reaches all-time high, with one sovereign now costing Rs 58,880