സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ഈ നടപടി.
ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് നാളെ വരെ തെക്കൻ കേരളത്തിൽ അനുകൂലമായി തുടരാൻ സാധ്യതയുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാത ചുഴിയുടെയും സ്വാധീനം കാരണം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുണ്ട്.
Story Highlights: Heavy rainfall expected in 11 districts of Kerala, orange and yellow alerts issued