ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ദമ്രയിൽ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.
മുൻകരുതലിന്റെ ഭാഗമായി പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങളിൽ രാവിലെ 9 മണിവരെ സർവീസുകൾ നിർത്തിവച്ചു. മേഖലയിൽ സർവീസ് നടത്തുന്ന 200 ഓളം ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെ ബസ് സർവീസുകളും പ്രവർത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Story Highlights: Cyclone Dana makes landfall in Odisha, heavy rains expected in Kerala