രാജ്യത്ത് വിമാനങ്ങൾക്കും സ്കൂളുകൾക്കും നേരെ വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്. ഇന്ന് മാത്രം 41 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിൽ 21 വിസ്താര വിമാനങ്ങളും ഉൾപ്പെടുന്നു. എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കും ഭീഷണി ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 150 ഓളം വിമാനങ്ങൾക്കാണ് ഇത്തരം സന്ദേശങ്ങൾ ലഭിച്ചത്.
കേന്ദ്ര ഏജൻസികൾ അടക്കം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിമാനങ്ങൾക്ക് പുറമേ ഡൽഹിയിലെ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.
ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂൾ മതിലിന് സമീപം കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലെയും ഹൈദരാബാദിലെയും കൂടുതൽ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ എത്തിയത്. എന്നാൽ, നടത്തിയ പരിശോധനയിൽ ഈ സന്ദേശങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി.
Story Highlights: 41 flights in India receive bomb threats, including 21 Vistara flights