ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്ലൈനായി ബുക്ക് ചെയ്യാന് ഏര്പ്പെടുത്തിയ വെബ്സൈറ്റ് താത്കാലികമായി അടച്ചിരിക്കുകയാണ്. booking.ksbc.co.in എന്ന സൈറ്റാണ് അടച്ചത്. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാന് വേണ്ടിയാണെന്നാണ് ബെവ്കോയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്, വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയില് തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്ലൈനായി മദ്യം വാങ്ങുന്നത്. സൈബര് വിദഗ്ധന് ഹാക്ക് ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്ട്ട്. വെബ്സൈറ്റുവഴി മദ്യം വാങ്ങുന്നവര്ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എന്നാല് ഈ എസ്എംഎസില് വില ഉള്പ്പെടെയുള്ള വിവരങ്ങള് കാണിക്കാറില്ല. ഇത് ഔട്ട്ലെറ്റില് കാണിച്ച് മദ്യം വാങ്ങുമ്പോള് തിരിമറി നടക്കാന് സാധ്യതയുണ്ടെന്നും അധികൃതര് വിലയിരുത്തിയിട്ടുണ്ട്.
തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന് ജീവനക്കാര് ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്കോ വെബ്സൈറ്റ് താത്ക്കാലികമായി അടച്ചത്. കണക്കുകള് പ്രകാരം വളരെക്കുറച്ചുപേര് മാത്രമേ ഈ വെബ്സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് സൂചന.
Story Highlights: Beverages Corporation shuts down online liquor booking website due to potential security concerns and system limitations.