ശബരിമല റോപ് വേ പദ്ധതിക്കുള്ള പകരം ഭൂമി കൊല്ലം ജില്ലയിൽ കണ്ടെത്തി. കുളത്തൂപുഴ താലൂക്കിലെ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നൽകാൻ ധാരണയായി. പാരിസ്ഥിതിക എതിർപ്പുകളിലും സാങ്കേതിക പ്രശ്നങ്ങളിലും തട്ടി മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ഈ മണ്ഡലകാലം പൂർത്തിയാകും മുമ്പ് നിർമാണ പ്രവർത്തികൾ ആരംഭിക്കാനാണ് തീരുമാനം.
പമ്പ ഹിൽടോപ്പിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യു ഭൂമി നൽകുന്നത്. ഇതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകൾ തമ്മിൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തർക്കം ഉയർന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.
ദേവസ്വം, വനം, റവന്യു വകുപ്പ് മന്ത്രിമാർ ബുധനാഴ്ച യോഗം ചേരും. ഇതിന് ശേഷം ഹൈക്കോടതിയെ തീരുമാനം അറിയിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പകരം ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് പരിഹാരമാകും. റോപ് വേ വഴി അത്യാഹിത സേവനങ്ങളും ഉണ്ടാകും. 250 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
Story Highlights: Alternate land for Sabarimala ropeway project identified in Kollam district