ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഒക്ടോബർ 13ന് ദുർഗ്ഗാവിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഘർഷം ആരംഭിച്ചത്. ഇന്നലെ രാത്രി സംഘടിച്ചെത്തിയ ആക്രമികൾ മഹാരാജ് ഗഞ്ചിലെ ബൈക്ക് ഷോറൂമിന് തീയിട്ടു. 4 കാറുകൾ അടക്കം 38 വാഹനങ്ങൾ കത്തി നശിച്ചു. 50 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു. സംഘർഷഭീതിയിൽ നിരവധി കടയുടമകൾ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോയി.
സംഘർഷത്തിൽ പ്രതിചേർത്ത അഞ്ചു പേരെ, നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു. പ്രതി പട്ടികയിൽ ഉൾപ്പെട്ട 23 പേരുടെ വീടുകളും കടകളും പൊളിക്കാൻ PWD അധികൃതർ കഴിഞ്ഞ ദിവസം നോട്ടീസ് നൽകി. അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയതെന്ന് അധികൃതർ പ്രതികരിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 87 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത്, മേഖലയിൽ പൊലീസിനെയും അർദ്ധ സൈനികരെയും വിന്യസിപ്പിച്ചിട്ടുണ്ട്.
ഘോഷയാത്രക്കിടെ ഡിജെ വെച്ചതുമായി ബന്ധപ്പെട്ട വാക്കുതര്ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആളുകള് തിങ്ങിപ്പാര്ക്കുന്ന സ്ഥലം എന്ന നിലയിലും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില് സംഗീതം വെക്കുന്നതിനെ പ്രദേശവാസികള് എതിര്ത്തത്. എന്നാല് ഇക്കാര്യം അംഗീകരിക്കാന് ഘോഷയാത്രയ്ക്കെത്തിയവര് തയ്യാറായില്ല. ഇത് രൂക്ഷമായ വാക്കുതർക്കത്തിലേക്കും തുടര്ന്ന് ഇരു വിഭാഗങ്ങള് തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് ഇരുപത്തിരണ്ടുകാരനായ രാം ഗോപാല് മിശ്ര കൊല്ലപ്പെടുന്നത്.
Story Highlights: Clashes continue in Uttar Pradesh’s Bahraich following Durga idol immersion procession, resulting in arson and arrests