തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചു. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
ഹരിയാന സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഫോർട്ട് പോലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ പിടികൂടിയത്. സംഘത്തലവനായ ഗണേശ് ഝായ്ക്ക് ഓസ്‌ട്രേലിയൻ പൗരത്വമുണ്ട്. ഇയാൾ ഏറെക്കാലമായി ഹരിയാനയിൽ താമസിച്ചുവരികയായിരുന്നു. നിലവിൽ പ്രതികളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. അവിടെ നിന്ന് വിമാനമാർഗം കേരളത്തിലേക്ക് കൊണ്ടുവരും.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതിനാൽ ഈ മോഷണം അതീവ ഗൗരവമുള്ളതായി സംസ്ഥാന പൊലീസ് കരുതുന്നു. പ്രതികളുമായി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം അവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് മുമ്പ് പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights: Major security breach at Thiruvananthapuram Padmanabhaswamy Temple leads to theft of sacred vessel