സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പി.പി ദിവ്യക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരിച്ചു. നടപടി തീരുമാനിക്കേണ്ടത് സി.പി.ഐ എമ്മാണെന്നും സി.പി.ഐക്ക് അതിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ ഉയരുന്ന ബിജെപി ബന്ധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
സരിന് പാർട്ടി ചിഹ്നമില്ലാത്തത് ബിജെപിയെ സഹായിക്കാൻ എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പി ഡീൽ സ്ഥിരമാക്കിയവർക്ക് അങ്ങനെ എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന് ധനസഹായം പ്രഖ്യപിക്കാത്ത കേന്ദ്ര സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ദുരന്തമുഖത്ത് ബിജെപി രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും കേന്ദ്ര സർക്കാർ അൽപത്തരം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സങ്കുചിത രാഷ്ട്രീയം മാറ്റി വയനാടിന് സഹായം നൽകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു. നെറികെട്ട രാഷ്ട്രീയം നിർത്തണമെന്നും ബിജെപിക്ക് ഒപ്പം ചേർന്നുകൊണ്ട് എൽ ഡി എഫ് സർക്കാരിന് എതിരായി പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വാക്കിൽ വിശ്വസിക്കാനാണ് ഇഷ്ടമെന്നും എന്നാൽ അത് പാലിക്കപ്പെടുമോ എന്നതാണ് ചോദ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളവും വയനാടും ഇപ്പോഴും കേന്ദ്ര സഹായത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: CPI State Secretary Binoy Viswam reacts to CPM’s decision not to take action against PP Divya, criticizes BJP and opposition