മൈസൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അങ്കമാലി സ്വദേശിയുടെ മർദ്ദനം നടന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നീ നിയമ വിദ്യാർത്ഥികളാണ് ആക്രമണത്തിനിരയായത്. വിദ്യാർത്ഥികൾ പാർട്ട്ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈൻ പ്രസാദ്, വിളമ്പിയ ഭക്ഷണത്തിനും വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ച് പ്രശ്നമുണ്ടാക്കി. തുടർന്ന് വിദ്യാർത്ഥികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രി, കൂടുതൽ ആളുകളെ കൂട്ടി ഷൈൻ പ്രസാദ് വീണ്ടും ഹോട്ടലിൽ എത്തി.
യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി. ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പേരും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ പരാതിയിൽ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Malayali students assaulted in Mysuru over food dispute at part-time job