സിപിഐഎമ്മിലെ വ്യക്തിപൂജയെ വിമർശിച്ച് ജി സുധാകരൻ കവിതയുമായി രംഗത്തെത്തി. മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച ‘പേരിലെന്തിരിക്കുന്നു’ എന്ന കവിതയിലൂടെ പശ്ചിമ ബംഗാളിലെ പാർട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി, അടിസ്ഥാന വർഗത്തിനെതിരായ നയങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും വഴിമാറി നടക്കണമെന്ന് സുധാകരൻ ഓർമ്മപ്പെടുത്തുന്നു.
ബംഗാളിൽ പാർട്ടി നശിച്ചത് തെറ്റായ നയങ്ങൾ കൊണ്ടാണെന്ന് കവിതയിലൂടെ സൂചിപ്പിക്കുന്ന സുധാകരൻ, ബുദ്ധദേവ് ഭട്ടാചാര്യയുടെ നയങ്ങളാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു. സമൂഹത്തെ പുതുക്കി പണിയുമ്പോൾ മാത്രമേ വ്യക്തി നായകനാകുവെന്നും, പിഴവുകൾ വന്നാൽ തിരുത്താൻ ശ്രമിക്കാത്തവൻ ജ്ഞാനം ഇല്ലാതെ മൃഗമായി മാറുമെന്നും കവിതയിൽ പറയുന്നു.
കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന കവിതയിലും നേതൃത്വത്തിനെതിരായ വിമർശനം ഉണ്ടായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സുധാകരന്റെ പല കവിതകളും പ്രസംഗങ്ങളും നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമാണെന്ന് പാർട്ടിയിൽ നിന്നുതന്നെ വാദമുയരുന്നുണ്ട്. എന്നാൽ തന്റെ കവിതകൾക്ക് ദുർവ്യാഖ്യാനം നൽകുകയാണെന്നാണ് സുധാകരന്റെ വിശദീകരണം.
Story Highlights: G Sudhakaran’s poem criticizes CPIM leadership and calls for course correction