കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവും പെട്രോൾ പമ്പ് ഉടമ കെ വി പ്രശാന്തനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ഈ ദൃശ്യങ്ങളിൽ കൈക്കൂലി കൈമാറിയതിന് യാതൊരു തെളിവുമില്ല. പള്ളിക്കുന്നിലെ എഡിഎം ക്വാർട്ടേഴ്സിന് സമീപം റോഡരികിലൂടെ നടന്നുപോകുന്ന നവീൻ ബാബുവിനോട് സ്കൂട്ടറിലെത്തിയ പ്രശാന്തൻ ഏതാനും സെക്കൻഡുകൾ സംസാരിക്കുന്നതാണ് ഒക്ടോബർ ആറിലെ ദൃശ്യങ്ങളിൽ കാണുന്നത്.
ആരോപണം ഉന്നയിച്ചവർ തന്നെയാണ് സിസിടിവി ദൃശ്യങ്ങൾ സമാഹരിച്ചത്. എന്നാൽ പ്രശാന്തൻ നവീനിന് പണം നൽകിയെന്നത് ഏതെങ്കിലും തരത്തിൽ തെളിയിക്കാൻ ദൃശ്യങ്ങളിലൂടെ സാധിക്കുന്നില്ല. പരാതിക്കാരൻ നവീൻ ബാബുവിന്റെ ഒരു ഓഡിയോ സന്ദേശം കൂടി തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ഓഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നവീൻ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. പെട്രോൾ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകൻ പരാതി സമർപ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിർമിച്ചതെന്നുമുള്ള ആക്ഷേപവും നിലനിൽക്കുന്നു.
Story Highlights: CCTV footage shows meeting between Kannur ADM Naveen Babu and petrol pump owner K V Prashanthan, but no evidence of bribery