കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയും ഫയൽ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. കളക്ടറുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നും, മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവീന്റെ മരണത്തിൽ കളക്ടറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തിലാണ് നവീൻ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കൂടുതൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കളക്ടർക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർക്ക് മുൻകൂർ അറിവെന്ന് സംശയിക്കുന്നതായും കളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി.
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറെ മാറ്റാൻ സമ്മർദമേറുകയാണ്. സിപിഐ നേതാക്കൾ റവന്യൂ മന്ത്രിയെ അതൃപ്തി അറിയിച്ചു. അതിനിടെ പിപി ദിവ്യയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാകുമോ എന്നതിൽ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം ഉണ്ടായേക്കും. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന പിപി ദിവ്യയുടെ വാദവും ജീവനക്കാർ നിരാകരിക്കുന്നു. ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗൺസിലിൽ ആർക്കും അറിവില്ലെന്നും ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Story Highlights: Collector Arun K Vijayan removed from investigation into ADM K Naveen Babu’s suicide, police to record collector’s statement